കോഴിക്കോട്: ഏലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വീണ്ടും ഇന്ധന ചോർച്ച. മോട്ടോർ ഉപയോഗിച്ച് ഡീസൽ നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ നാട്ടുകാർ കുപ്പികളിൽ ഡീസൽ ശേഖരിക്കുന്നുമുണ്ട്. ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഓവുചാലിലേക്ക് ഡീസൽ ഒഴുകിയെത്തുകയായിരുന്നു.
നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പരിശോധന നടത്തുകയാണ്. മുൻപും ഇത്തരത്തിൽ ഇന്ധന ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
അറ്റകുറ്റപ്പണികൾ നടത്തുന്നത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ആരോപണമുണ്ട്. മലിനീകരണം നിയന്ത്രണ ബോർഡും ദുരന്ത നിവാരണ അഥോറിറ്റിയും ആരോഗ്യ വകുപ്പും സംയുക്ത പരിശോധന നടത്തും.