Timely news thodupuzha

logo

പ്രതിയുടെ ചിത്രം മാറി പോയി: പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിയുമായി മണികണ്ഠൻ ആചാരി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തൻറെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി.

തൻറെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ പ്രമുഖ പത്ര സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി. കേസിൽ പ്രതിയായ കെ മണികണ്ഠന് പകരമാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം അച്ചടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐയും നടനുമായ കെ മണികണ്ഠനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത പുറത്ത് വന്നത്.

ഈ വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം അച്ചടിച്ചത്. വേണ്ടത്ര ശ്രദ്ധയില്ലാതെ വാർത്ത നൽകിയത്തിനെതിരേ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമുയർന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠൻ ആചാരി പത്രത്തിനെതിരേ രംഗത്തെത്തിയത്. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു.

അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന് മണികണ്ഠൻ ആചാരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.

അയാൾ അറസ്റ്റിലായി, വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എൻറെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. ചീത്തപ്പേരുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തിൽ ഒരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ മണികണ്ഠൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *