തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു ഇന്ദുജ(25) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്ത് കസ്റ്റഡിയിൽ. ഇന്ദുജയുടെ അച്ഛൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയിലാണ് അഭിജിത്തിനെ അറസ്റ്റു ചെയ്തത്. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഭർത്താവ് അഭിജിത്തിൻറെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമിൽ ജനലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിൻറെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുമായുള്ള വിവാഹം. മരിച്ച ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.