കൊച്ചി: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനം ഒരുക്കിയ സംഭവത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ രൂക്ഷ വിമർശനമാണ് ദേവസ്വം ബെഞ്ച് ഉയർത്തിയത്.
എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റു ഭക്തർക്ക് മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. കേസ് ചെവ്വാഴ്ച വീണ്ടും പരിഗണിക്കും.