ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍, ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി നദിയില്‍ ഉപേക്ഷിച്ചു.
ഒഡീഷയിലെ ഝാര്‍സുഗഡയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ പ്രതിയായ കുനു കിസനെ(24) റൂർക്കേലയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്ന് ബ്രാഹ്മണി നദിയിൽ തെളിവെടുപ്പ് നടത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നദിയിൽ നിന്നും പെൺകുട്ടിയുടെ ഏറെക്കുറെ ഭാഗങ്ങൾ കണ്ടെടുത്തു.
കൂടാതെ നദിക്ക് സമീപമുള്ള ചതുപ്പ് നിറഞ്ഞ കുറ്റിക്കാട്ടില്‍ നിന്നും പാലത്തിന് സമീപത്തെ നദിയിൽ നിന്നും മറ്റ് ചില ശരീരഭാഗങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
2023 ഓഗസ്റ്റ് 26 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയതായും ഇതിൽ പൊലീസ് പോക്‌സോ കേസ് എടക്കുന്നതും.
പിന്നീട് ഈ വർഷം ജനുവരിയിൽ പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചു. എന്നാൽ കോടതിയില്‍ ഹാജരാകത്തതിനെ തുടര്‍ന്ന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സമയം, പ്രതി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മായിയുടെ വീട്ടിൽ താമസിക്കുകയും അടുത്തുള്ള ബ്യൂട്ടി പാർലറിൽ ജോലി ചെയ്തുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ ഡിസംബര്‍ ഏഴ് മുതല്‍ പെണ്‍കുട്ടിയെ കാണാതായി. അന്വേഷണത്തിനിടെ ഝാർസുഗുഡ പൊലീസ് പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. കേസ് പിന്‍വലിക്കാന്‍ പ്രതി പെൺകുട്ടിയെ നിർബന്ധിക്കുകയും എന്നാൽ പെണ്‍കുട്ടി തയ്യാറായില്ല.
തുടർന്ന് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം, ക്രൂരമായ കുറ്റകൃത്യം ചെയ്യുകയും ശരീരഭാഗങ്ങൾ കഷണങ്ങളാക്കി നദിയില്‍ വലിച്ചെറിയുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.