ന‍്യൂഡൽഹി: ഡോ. വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന്‍റെ ജാമ‍്യപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത‍്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് പ്രതിക്ക് ജാമ‍്യം നൽകാനാവില്ലെന്ന് കോടതി വ‍്യക്തമാക്കിയത്.
തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു കോടതിയിൽ പ്രതി സന്ദീപിന്‍റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ റിപ്പോർട്ട്.
ഈ റിപ്പോർട്ടിനെ മറികടക്കാനായി എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ‍്യപ്പെട്ടിട്ടുണ്ടായാിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. കേസിലെ സാക്ഷിവിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.
സന്ദീപ് സ്ഥിരം മദ‍്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്ന ആളാണെന്നും ഇയാൾ പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും കോടതിയിൽ സംസ്ഥാനം നൽകിയിരുന്ന സത‍്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതി ജാമ‍്യത്തിലിറങ്ങിയാൽ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ‍്യതയുണ്ടെന്നും ജാമ‍്യം നൽകുന്നത് ആരോഗ‍്യ പ്രവർത്തകരുടെയിടയിൽ ആശങ്കയുണ്ടാക്കുമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് പ്രതി സന്ദീപിന്‍റെ ജാമ‍്യ ഹർജി സുപ്രീം കോടതി തള്ളിയത്.