Timely news thodupuzha

logo

കപിൽ ദേവിൻ്റെ ഓഫർ സ്വീകരിക്കാം, ലഹരി മുക്തി ചികിത്സയ്ക്ക് വീണ്ടും തയ്യാർ; വിനോദ് കാംബ്ലി

മുംബൈ: ലഹരി മുക്തി ചികിത്സയ്ക്ക് വീണ്ടും പോകാമെന്നും, കപിൽദേവിൻറെ ഓഫർ സ്വീകരിക്കാൻ തയാറെന്നും അറിയിച്ച് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വിക്കി ലാൽവാനി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാംബ്ലിയുടെ വെളിപ്പെടുത്തൽ. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും കാംബ്ലി പറയുന്നു.

ലഹരി മുക്തി ചികിത്സയ്ക്ക് കാംബ്ലി തയാറാണെങ്കിൽ, അതിനു സഹായം നൽകുമെന്ന് 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗങ്ങൾ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോൾ കാംബ്ലി സമ്മതം അറിയിച്ചിരിക്കുന്നത്. ഇത് പതിനഞ്ചാം തവണയാണ് കാംബ്ലി ലഹരിമുക്തി ചികിത്സയ്ക്ക് പോകുന്നത്.

തൻറെ സാമ്പത്തിക സ്ഥിതി മോശമാണെന്നും കാംബ്ലി സമ്മതിച്ചു. ബി.സി.സി.ഐ നൽകുന്ന 30,000 രൂപ പെൻഷനാണ് ഏക വരുമാനം. കുടുംബം അടുത്തുണ്ടെങ്കിൽ റിഹാബിലിറ്റേഷൻ സെൻററിലേക്ക് പോകാൻ തനിക്ക് ഒരു ഭയവുമില്ല.

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഭാര്യ തനിക്ക് വലിയ ശ്രദ്ധ നൽകുന്നുണ്ട്. അജയ് ജഡേജ ഉൾപ്പടെയുള്ള താരങ്ങൾ തന്നെ കാണാൻ വന്നിരുന്നു എന്നും കാംബ്ലി. കഴിഞ്ഞ മാസം കുഴഞ്ഞുവീണു. എൻറെ മകൻ ജീസസ് ക്രിസ്റ്റ്യാനോയാണ് എന്നെ വീണ്ടും ആരോ​ഗ്യത്തോടെ നിൽക്കാൻ സഹായിച്ചത്. എൻറെ മകൾക്ക് 10 വയസ് മാത്രമാണ് പ്രായം. എൻറെ ഭാര്യയ്ക്കൊപ്പം മകളും എന്നെ സഹായിച്ചുവെന്നും കാംബ്ലി കൂട്ടിച്ചേർത്തു.

സച്ചിൻ ടെൻഡുൽക്കറുടെയും വിനോദ് കാംബ്ലിയുടെയുമെല്ലാം ഗുരുവായ രമാകാന്ത് അച്‌രേക്കറെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേ, കാംബ്ലി നടക്കാൻ ബുദ്ധിമുട്ടുന്നതും മദ്യലഹരിയിലെന്ന പോലെ പാട്ട് പാടുന്നതും അടക്കമുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാംബ്ലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകളും അന്നു തന്നെ പുറത്തുവന്നിരുന്നു.

ഇതിനിടെ കാംബ്ലിയുമായി വേദി പങ്കിട്ടിട്ടും സച്ചിൻ വേണ്ടത്ര പരിഗണന നൽകിയില്ലെന്ന മട്ടിലും വിമർശനങ്ങൾ ഉയർന്നിരുന്നു. സ്കൂൾ ക്രിക്കറ്റിൽ സച്ചിനും കാംബ്ലിയും ചേർന്ന് ഉയർത്തിയ റെക്കോഡ് കൂട്ടുകെട്ടാണ് ഇരുവരെയും ആദ്യമായി ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്.

സച്ചിനെക്കാൾ പ്രതിഭയുള്ള ക്രിക്കറ്റർ എന്നാണ് അച്‌രേക്കർ ഒരിക്കൽ കാംബ്ലിയെ വിശേഷിപ്പിച്ചിട്ടുള്ളത്. സച്ചിനെക്കാൾ മുമ്പേ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറിയും ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറിയും നേടിയെങ്കിലും ലഹരിയുടെ വഴിയേ സഞ്ചരിച്ച കാംബ്ലി മെല്ലെ ഇന്ത്യൻ ടീമിൽ നിന്നും സജീവ ക്രിക്കറ്റിൽ നിന്നു തന്നെയും പുറത്താകുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *