പാലക്കാട്: പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ നരഹത്യാ ചുമത്തി.
വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് കുറ്റം ചുമത്തിയത്. തനിക്ക് പിഴവ് പറ്റിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രജീഷ് പൊലീസിനോട് സമ്മതിച്ചു.
ഒരു ബൈക്ക് കുറുകെ ചാടിയെന്നും താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടകാരണമെന്നും പൊലീസിന് മൊഴി നൽകി. പ്രജീഷ് ഫോൺ ഉപയോഗിച്ചെന്ന സംശയം പൊലീസിനുണ്ട്. എന്നാലിതിന് വ്യക്തത വന്നിട്ടില്ല. പാലക്കാട് കരിമ്പ പനയംപാടത്ത് വ്യാഴാഴ്ച നാല് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ റിദ ഫാത്തിമ, ഇർഫാന ഷെറിൻ, നിദ ഫാത്തിമ, അയിഷ എന്നിവരാണ് മരിച്ചത്. ലോറി വരുന്നത് കണ്ട് ഓടി മാറിയ ഒരു കുട്ടി അപകടത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്. മരിച്ചവരുടെ കബറടക്കം ഉച്ചയോടെ കഴിഞ്ഞു.