ബാംഗ്ലൂർ: രേണുകാ സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും കൂട്ടുപ്രതിയുമായ പവിത്ര ഗൗഡയ്ക്കും കേസിൽ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ദർശൻറെ ജാമ്യഹർജി പരിഗണിച്ചത്. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ മർദ്ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്.
ദർശന് അടുപ്പമുള്ള നടി പവിത്രഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി. പുറം വേദനയെത്തുടർന്ന് നടുവിന് ശസ്ത്രക്രിയയ്ക്കായി ആറ് ആഴ്ചത്തേക്ക് ദർശന് ഒക്ടോബർ 30 ന്, ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ഈ അപേക്ഷയിൽ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.