Timely news thodupuzha

logo

കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ലെന്ന് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എം.പി.

ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസങ്ങൾ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചെലവിന്‍റെ തുക നൽകണം എന്നുള്ളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിനു മാനദണ്ഡങ്ങൾ ഉണ്ട്. ആ മാനദണ്ഡങ്ങൾ മാറ്റി തരാനെങ്കിലും കേന്ദ്രം തയ്യാറാക്കണം. സംസ്ഥാന സർക്കാർ ചട്ടങ്ങൾ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. മൃതദേഹങ്ങൾ ഡിഎൻഎ ടെസ്റ്റ്‌ നടത്തിയ പണം പോലും വഹിക്കാൻ കേന്ദ്രം തയ്യാറായില്ല.

കേന്ദ്രത്തെ അറിയിക്കാത്ത സൈന്യം ഇത്തരത്തിൽ നോട്ടീസ് അയക്കില്ല. വയനാട് വിഷയത്തിൽ എല്ലാവരെയും ഒരുമിച്ചു നിർത്താനാണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നത്. സഹായിക്കാതെ സാങ്കേതിക തടസങ്ങൾ പറഞ്ഞു ഇടത് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാരെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

കേന്ദ്രം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും താത്പര്യങ്ങളെ സംരക്ഷിക്കേണ്ടവരാണ്. കേന്ദ്ര സർക്കാരിലേക്ക് നികുതി കൊടുക്കുന്നത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളാണ്, ആ ജനങ്ങൾ ദുരിതബാധിതരാകുമ്പോൾ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുകയല്ല ചെയ്യേണ്ടത് പകരം ഉത്തരവാദിത്വം നിറവേറ്റുകയാണ്‌ വേണ്ടത് അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *