തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച വിവാദമായതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്. എം.എസ് സൊല്യൂഷൻസെന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികൾ, ചോദ്യ പേപ്പർ തയാറാക്കിയ അധ്യാപകർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും.
ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു.
സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും സിഇഒ ഷുഹൈബ് അറിയിച്ചു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ ഇന്ന് (ഡിസംബർ 16) വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.
പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോയെന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും.
പരീക്ഷ നടത്തിപ്പ് ഇനി മുതൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗം തീരുമാനിക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾക്കും തീരുമാനം ഉണ്ടാകും. ചോർച്ച ഉറപ്പിക്കുമ്പോഴും അർധ വാർഷിക പരീക്ഷയായതിനാൽ പുനഃപരീക്ഷയ്ക്ക് സാധ്യത കുറവാണ്.