തിരുവനന്തപുരം: എം.എസ് സൊല്യൂഷനെന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ പുറത്തായത്.
10,000ത്തിലധികം വിദ്യാർഥികൾ ഈ വിഡിയൊ കണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്.
അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരും പ്രഡിക്‌ഷനെന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്.
ആരോപണമുയർന്ന യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷനെതിരെ ഓണപ്പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് ഡിഇഒ നൽകിയ പരാതി വിദ്യാഭ്യാസ വകുപ്പ് കാര്യമായെടുത്തില്ലെന്നും സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നെന്നുമാണ് വിവരം.