Timely news thodupuzha

logo

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തരും പ്രഗൽഭരുമായ തബലവാദകരിൽ ഒരാൾ, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച മഹാനായ കലാകാരൻ, ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് യു.എസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി യുഎസിൽ തന്നെയായിരുന്നു താമസം. ഞായറാഴ്ച രാവിലെയാണ് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം അന്തരിച്ചതായി ഞായറാഴ്ച രാത്രി തന്നെ വാർത്ത പരന്നിരുന്നു.

അത് നിഷേധിച്ച കുടുംബാംഗങ്ങൾ, സാക്കിർ ഹുസൈൻ ഐ.സി.യുവിലാണെന്നും, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്നുമാണ് ആ സമയത്ത് പ്രതികരിച്ചത്. എന്നാൽ, തിങ്കളാഴ്ച പുലർച്ചയോടെ മരണ വിവരം സ്ഥിരീകരിക്കുകയായിരുന്നു. ഇതിഹാസതുല്യനായ തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനാണ് സാക്കിർ ഹുസൈൻ.

അച്ഛന്‍റെ പാത പിന്തുടർന്ന മകൻ തബലയെ ലോക വേദിയിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അഞ്ച് ഗ്രാമി അവാർഡുകളിലൂടെയാണ് ആഗോള സംഗീതരംഗത്ത് അദ്ദേഹം ആദരിക്കപ്പെട്ടത്. ഇന്ത്യ അദ്ദേഹത്തിന് പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *