തിരുവനന്തപുരം: പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ പിരിച്ച് വിടാന്‍ നിർദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരെയാണ് നടപടി.
പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് നിർദേശം. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പെൻഷൻ തട്ടിപ്പില്‍ ഇന്നലെയും മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് പേരെ സസ്പെന്‍റ് ചെയ്തിരുന്നു.
അതേസമയം, താഴേ തട്ടിലുള്ളജീവനക്കാർക്കെതിരേ മാത്രമാണ് പെൻഷൻ തട്ടിപ്പിൽ ഇതുവരേ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ ഇപ്പോഴത്തെ നീക്കം. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ച് പിടിക്കാനാണ് ധന വകുപ്പിന്‍റെ നിര്‍ദേശം.