കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് അതിഥി തൊഴിലാളിയായ അജാസ് ഖാൻറെ (33) ആറു വയസുകാരി മകൾ മുസ്‌ക്കാൻറെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കോതമംഗലം പൊലീസ്.
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു കൊലപാതകം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻറെ മുസ്‌ക്കാനാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ ആയിരുന്നു കൊലപാതകമെന്ന് അജാസ്ഖാൻറെ രണ്ടാം ഭാര്യയായ അനീസ(23) പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച രാവിലെ 6.30നാണ് അജാസ് ഖാൻറെ ആദ്യ ഭാര്യയിലെ മകൾ മുസ്‌ക്കാനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
ബുധൻ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകൾ രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നായിരുന്നു എന്നാണ് കുട്ടിയുടെ പിതാവും, കൊലപാതകിയായ രണ്ടാനമ്മ അനീഷയും പൊലീസിന് നൽകിയ മറുപടി. ഇൻക്വസ്റ്റിൽ കുട്ടിയുടെ ശരീരത്തിൽ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല.
അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. പിതാവ് അജാസ് ഖാനെയും രണ്ടാനമ്മ അനീഷയേയും ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിൻറെ ചുരുളഴിഞ്ഞു.
കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അനീഷ പൊലീസിനോട് സമ്മതിച്ചു. രാത്രി അജാസ് ഖാൻ വീട്ടിൽ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്.
വ്യാഴം രാത്രി റൂറൽ എസ്പി ഡോ. വൈഭവ് സക്സേന കോതമംഗലത്തെത്തിയിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി പി. എം. ബൈജു , കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ പി.ടി. ബിജോയ് എന്നിവർ എസ്പിക്കൊപ്പം ചേർന്ന് അജാസ് ഖാനെയും, അനീഷയെയും ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി.
രണ്ട് വർഷം മുമ്പാണ് അജാസ് ഖാൻ്റെ ആദ്യ ഭാര്യ പിണങ്ങി പോയത്. ഇതേ തുടർന്ന് ഉത്തർ പ്രദേശിലേക്ക് പോയ അജാസ് ഖാൻ നിലവിലെ രണ്ടാം ഭാര്യയായ അനീഷയോടൊപ്പം തിരികെ എത്തിയിട്ട് അഞ്ച് മാസം ആകുന്നതേയുള്ളൂ.