പാലക്കാട്: തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിൻറെ മേൽനോട്ടത്തിൽ ചിറ്റൂർ സിഐ എം.ജെ. മാത്യുവിനാണ് അന്വേഷണച്ചുമതല.
സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസികിൻറെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകരോടും പിടിഎ ഭാരവാഹികളോടും പൊലീസ് ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയും.
നല്ലേപ്പിള്ളി സ്കൂളിലെ സംഭവത്തിൽ മണിക്കൂറുകൾക്കകം പൊലീസ് വി.എച്ച്.പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു. അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് വിശ്വഹിന്ദു പരിഷത് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
14 ദിവസത്തെ റിമാൻഡിൽ ചിറ്റൂർ ജയിലീൽ കഴിയുകയാണ് ഇവർ. നല്ലേപിള്ളിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള തത്തമംഗലത്ത് നടന്നതും സമാന സ്വഭാവമുള്ള സംഭവമാണെന്നാണ് പൊലീസിൻറെ പ്രാഥമിക വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് റിമാൻഡിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
തത്തമംഗലം ജി.ബി.യു.പി സ്കൂളിലെ ക്ലാസ് മുറിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന രൂപങ്ങളാണ് തകർത്തത്. പ്രധാനാധ്യാപകൻറെ പരാതിയിൽ ചിറ്റൂർ പൊലീസ് കേസെടുത്തു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമെന്ന് പൊലീസ് റിപ്പോർട്ട്. നല്ലേപ്പിള്ളിയിലേയും തത്തമംഗലത്തേയും സംഭവങ്ങൾ അന്വേഷിക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.