മലപ്പുറം: യു.ഡി.എഫ് പ്രവേശനത്തിനായി ശക്തമായ നീക്കങ്ങളുമായി പി.വി അൻവർ എം.എൽ.എ. എല്ലാ യു.ഡി.എഫ് നേതാക്കളേയും നേരിട്ടെത്തി കാണുമെന്നും യു.ഡി.എഫ് അധികാരത്തിൽ വരണമെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചു.
തുടർന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ, അറസ്റ്റ് സമയത്ത് നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു.
സന്ദർശന വേളയിൽ പി.കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിന്നാലെ തന്നെ മറ്റ് യു.ഡി.എഫ് പ്രവർത്തകരെ നേരിൽ കാണാനാണ് അൻവറിന്‍റെ നീക്കം. യു.ഡി.എഫിലെ ഒരു പ്രവർത്തകൻ ആയാൽ മാത്രം മതിയെന്നുമാണ് അൻവറിന്‍റെ പ്രതികരണം.
മുന്നണി പ്രവേശനത്തിന് യു.ഡി.എഫിന് നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നിൽക്കുമെന്നും തന്നെ വേണോ വേണ്ടയോയെന്ന് യു.ഡി.എഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.