Timely news thodupuzha

logo

ഹണി റോസിൻറെ പരാതി പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സൈബർ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

സംഘത്തിൽ സെൻട്രൽ സിഐയും സൈബർ സെൽ അംഗങ്ങളും ഉൾപ്പെടുന്നതായും ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിൻറെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂർ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയീണ് ചൊവ്വാഴ്ച‍ ബോബിക്കെതിരേ പൊലീസ് കേസെടുത്തത്.

ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നാല് മാസം മുൻപ് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ അശ്ലീല പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തിൻറെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

തനിക്കെതിരേ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നുവെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോബി ചെമ്മണ്ണൂർ തനിക്കെതിരായ ആരോപണം നിഷേധിച്ചു.

മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹണിയുടെ പരാതിയിൽ 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമൻറിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ ചൊവ്വാഴ്ച‍ അറസ്റ്റ് ചെയ്തിരുന്നു.

പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുകളുടെ കമൻറുകൾ പരിശോധിക്കുകയാണെന്ന് സെൻട്രൽ ഇൻസ്പെക്റ്റർ അനീഷ് ജോയി പറഞ്ഞു. കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ പലരും കമൻറുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് റദ്ദാക്കിയതായും പൊലീസ് കണ്ടെത്തി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

സൈബർ പൊലീസിൻറെ സഹായത്തോടെ നടപടികൾ ഊർജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളുടെ ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. ചില യുട്യൂബ് ചാനലുകളും നിരീക്ഷണത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *