തിരുവനന്തപുരം: പാർട്ടി പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവു നൽകി സി.പി.ഐ സംസ്ഥാന നേതൃത്വം. മദ്യപിക്കാം, എന്നാൽ അമിതമാവരുതെന്നാണ് നിർദേശം.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പുതിയ ഇളവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് മോശപ്പേരുണ്ടാക്കും വിധം പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.
നമ്മള്‍ സമൂഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും, നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണം. പ്രവര്‍ത്തകര്‍ അവരുടെ പെരുമാറ്റത്തിലൂടെ, പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. 33 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി പഴയ നിലപാട് തിരുത്തുന്നത്.
നിലപാട് മാറ്റത്തില്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ കാര്യമായ വിമര്‍ശനം ഉണ്ടായില്ലെന്നാണ് വിവരം. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സ്വീകരിക്കുന്ന നിലപാടാണിതെന്ന അഭിപ്രായമാണ് ഉയർന്നതെന്നാണ് വിവരം.