പത്തനംതിട്ട: സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ വൻ ജനപിന്തുണയോടെ മുന്നേറവെ കോൺഗ്രസ് പാർട്ടിയിൽ കലഹം മൂർച്ഛിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് മറയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ. കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണ്. കെ.സുധാകരന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലംതൊടില്ലെന്ന ധാരണ കോൺഗ്രസിൽ വ്യാപകമാകുകയാണ്. നിയമസഭയിലേക്കോ, ലോകസഭയിലേക്കോ മത്സരിക്കാനില്ലെന്ന മുരളീധരന്റെ പ്രസ്താവന വ്യക്തമാക്കുന്നത് പരാജയഭീതിയാണ്.