
കോടിക്കുളം: ചെറുതോട്ടിൻകര ഭാഗത്ത് വലിയതോതിൽ മണ്ണെടുപ്പും നെൽവയൽ നികത്തലും നടന്നതായി ആരോപണം. 3725 മട്രിക് ടൺ മണ്ണ് നീക്കാൻ ലഭിച്ച അനുമതിയുടെ മറവിൽ കൂടുതൽ മണ്ണ് നീക്കം ചെയ്യുകയും ഇതുപയോഗിച്ച് കോടിക്കുളം ചെറുനിലം ഭഗത്തെ നെൽവയലുകൾ നികത്തിയയായുമാണ് പരാതി ഉയർന്നിരിക്കുന്നത്. മാർച്ച് മാസം 14-വരെ ആയിരുന്നു മണ്ണു നീക്കാൻ അനുവദിച്ചിരുന്ന സമയം.

വൻ തോതിൽ മണ്ണ് നീക്കം ചെയ്തെന്ന പരാതിയിൽ റവ ന്യു വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. തൊടുപുഴ മേഖലയിലെ ഒരു പോലിസ് ഓഫീസറുടെ ബന്ധുവാണ് ഇത്തരത്തിൽ അനധികൃത മണ്ണെടുപ്പിനും നിലംനികത്തിനും പിന്നിലെന്നും ആരോപണമുണ്ട്. കൂടാതെ ഈ മേഖലയിൽ പൊടിപടലങ്ങൾ മൂലം പലർക്കും തുമ്മലും ചുമയും ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. ഇവിടെ മണ്ണടി തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി.

ഈ മേഖലയിൽ ഒത്തിരി തിട്ട ഇടിച്ച് മണ്ണ് എടുത്തതായും ചില ഉദ്യോഗസ്ഥരുടെ മനസ്സറിവോടെയാണ് മണ്ണ് മാഫിയ ഈ അതിക്രമങ്ങൾ കാട്ടുന്നതെന്നും വിമർശനമുണ്ട് അടിയന്തിരമായി. മൈനിങ് ആൻഡ് ജിയോളജി വകുപ്പും പോലീസ് അധികൃതരും റവന്യൂ വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
