കോട്ടയം: പാലാ – തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു(22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം.
ടോറസിന്റെ പിന്നാലെ എത്തിയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഹർഷൽ മരിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.