ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ‘ഇരട്ട’യുടെ വമ്പൻ തിയേറ്റർഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ്, ഇമോഷനൽ ത്രില്ലർ ചിത്രമായ ‘ഇരട്ട’.
മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. ഇന്ത്യയിൽ ഇപ്പോൾ ടോപ് ടൂവിൽ തുടരുന്ന ‘ഇരട്ട’ ശ്രീലങ്കയിൽ ടോപ് ത്രീയും ബംഗ്ളാദേശിലും ജിസിസിയിലും ടോപ് ഫോറുമായി തുടരുകയാണ്. സിംഗപ്പൂരിൽ ടോപ് സവനും മാലി ദ്വീപിൽ എട്ടാമതും മലേഷ്യയിൽ പത്താമതുമാണ്. ഇത് മലയാളികൾക്ക് അഭിമാനം കൊള്ളാവുന്ന ഒരു കാര്യമാണ്.
ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നുള്ള സിനിമാപ്രവർത്തകർ സിനിമ കണ്ട ശേഷം ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മാത്രവുമല്ല സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളിൽ വിറ്റുപോയിട്ടുണ്ട്. ‘ഇരട്ട’യിലെ ജോജുവിന്റെ അസാമാന്യ പ്രകടനം പ്രേക്ഷകരെ ആവേശഭരിതമാക്കുന്നുണ്ട്. ജോജുവിന്റെ ഗംഭീര പ്രകടനത്തോടൊപ്പം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സീനുകളും അപ്രതീക്ഷിത ട്വിസ്റ്റും ക്ലൈമാക്സുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.