Timely news thodupuzha

logo

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്

വാഴക്കുളം: വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് മാര്‍ച്ച് 11 മുതല്‍ 17 വരെ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സപ്ത ദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘ധ്രുവ 2023’ വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നിരവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് നിര്‍വഹിച്ചു. നൂറോളം എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 130 എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. അതോടൊപ്പം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന കട്ടിലുകളും ഐ.വി സ്റ്റാന്‍ഡുകളം, മറ്റ് മെഡിക്കല്‍ ഉപകരണങ്ങളം നവീകരിച്ച് അത് ഉപയോഗപ്രദമാക്കുവാനും സാധിച്ചു. എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിന്റെ സഹായത്തോടെ ആശുപത്രിയിലെ പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാക്കി.

സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ്, അഗ്‌നിശമനസേന, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ സൂപ്രണ്ട് എന്നിവരുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. ഇടുക്കി സബ് കളക്ടര്‍ ഡോ.‌അരുണ്‍.എസ്.നായര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിന് സന്ദേശം നല്‍കുകയും ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ഹില്‍ വ്യൂ പാര്‍ക്കിന്റെ ശുചീകരണവും വൈദ്യുതീകരണവും, അതുപോലെ തന്നെ മരിയാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വൈദ്യുതീകരണവും എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ രാകേഷ് ജോസ്, അപ്പു ജോണ്‍, ആൻഡ്രൂസ് ജോസ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ അഭിനവ്.പി.ജോര്‍ജ്, ഗാഥ അശോക്, എല്‍ദോ പീറ്റര്‍ റെജി, അക്ഷര ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.രാജന്‍, വൈസ് പ്രിന്‍സിപ്പല്‍ സോമി.പി.മാത്യു, മെഡിക്കല്‍ കോളേജിലെ സയന്റിഫിക് ഓഫീസര്‍ സണ്ണി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ സുരേഷ് വര്‍ഗീസിന്റെയും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മീന.ഡിയുടെയും മറ്റ് മെഡിക്കല്‍ കോളേജ് അധികൃതരുടെയും നാട്ടുകാരുടെയും കൂട്ടായ സഹകരണം ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചു.

Leave a Comment

Your email address will not be published. Required fields are marked *