ദൈവഹിതത്തോട് ചേർന്ന് നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞു വിയോഗത്തിന്റെ തലേനാൾ ചെന്ന് കാണുവാൻ എനിക്ക് കഴിഞ്ഞത് അനുഗ്രഹം ആയാണ് കരുതുന്നത്.
കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. അത് എല്ലാ അർഥത്തിലും പിതാവിന് ഉചിതമായ വിശേഷണം ആയിരുന്നു.
എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ആയിരുന്നു പിതാവിന്റെ മുഖമുദ്ര. ആനുകാലിക – സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ പിതാവിൻറെ ഭാഗത്തുനിന്നുണ്ടായി.
കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണം കേരളത്തെ സമൂഹത്തെ മുന്നോട്ട് നയിക്കാൻ വളരെ സഹായിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരള സമൂഹം ഒന്നടങ്കം പിതാവിൻറെ വാക്കുകൾക്ക് കാതോർത്തിരുന്നു. മറ്റു സമുദായങ്ങളുമായി ഊഷ്മളമായ ബന്ധം ആണ് പിതാവ് പുലർത്തിയിരുന്നത്.
അഭിവന്ദ്യ ക്രിസോസ്റ്റേം വലിയ മെത്രാപ്പോലീത്താ പവ്വത്തില്‍ പിതാവിനെക്കുറിച്ച് പറഞ്ഞത് ‘പറയേണ്ടത് പറയും; പറയേണ്ടതുമാത്രം പറയും’ എന്നാണ്. കഴിഞ്ഞ ഒന്പത് പതിറ്റാണ്ടിന്റെ ജീവിത കാലയളവിനുള്ളില്‍ പിതാവിന് ഒരിക്കല്‍പോലും താന്‍ പറഞ്ഞ വാക്ക് പിന്‍വലിക്കേണ്ടി വിന്നിട്ടില്ല.
എക്കാലത്തും വാർത്തകൾ കൃത്യമായി അപ്ഡേറ്റ് ചെയ്തു മനസിലാക്കിയിരുന്നു. വാർധക്യ അവശതകൾക്കിടയിലും ഇക്കാര്യത്തിൽ പിതാവ് കാണിച്ചിരുന്ന ജാഗ്രത അദ്ദേഹത്തിൻറെ പൊതുതാത്പര്യത്തിനു വലിയ ഉദാഹരണമാണ്.
നിയസഭയിൽ ചില വിഷയങ്ങളിൽ ചർച്ച ഉണ്ടാകുമ്പോൾ പിതാവ് എന്നെ വിളിക്കും. ചിലപ്പോൾ അതിൻറെ പശ്ചാത്തലത്തിൽ ഞാൻ നേരിട്ട് പിതാവിനെ കണ്ടു സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്ന്. ചില വിവരങ്ങൾ അദ്ദേഹം തന്നെ കുറിച്ചു നോട്ട് ആയി തരും. അങ്ങനെ ഓരോ വിഷയങ്ങളും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തുമായിരുന്നു. അതിന് അദ്ദേഹം കാണിച്ച താൽപ്പര്യം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.
സഭയോടും പൊതുസമൂഹത്തോടും നല്ല രീതിയിലുള്ള പ്രവർത്തനശൈലി സ്വീകരിക്കാൻ പിതാവിന് സാധിച്ചു . പിതാവിന്റെ വ്യക്തിപരമായ സ്‌നേഹം അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. സാമൂഹികമാറ്റത്തിന് വഴിതെളിക്കുന്ന ശ്രദ്ധേയമായ ആ പ്രവർത്തനങ്ങളിലൂടെ കേരള പൊതു സമൂഹം എന്നും പിതാവിനെക്കുറിച്ച് സ്മരിക്കും. വരുംകാല ഭാവിയിലും ആ സന്ദേശം സൂക്ഷിക്കുവാനും പ്രവർത്തന മണ്ഡലത്തിൽ പകർന്നുകൊടുക്കാനും തീർച്ചയായും കഴിയും എന്ന പ്രതീക്ഷയാണ് ഉള്ളത്.
മാണി സാറുമായി പിതാവിന് ഉണ്ടായിരുന്ന അടുത്ത ബന്ധം പലപ്പോഴും നേരിട്ട് അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും മാണി സാർ പിതാവിനോട് അഭിപ്രായം ആരായായുന്നതും പിതാവ് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു സൂക്ഷ്മമായി അറിയാനും മാണിസാർ കാണിച്ച ജാഗ്രത അടുത്തുനിന്ന് നോക്കിക്കാണാനും അവസരം ലഭിച്ചിട്ടുള്ള ആളാണ് ഞാൻ.
പിതാവിന്റെ വിയോഗത്തിൽ അതിരൂപത അംഗങ്ങളുടെയും പിതാവിൻ്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഞാനും പങ്കു ചേരുന്നു.