തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ ഇത് അടുത്തിടെ അവതരിപ്പിച്ചു. രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ഈ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് 10 കോടി രൂപയാണ് ഈ ബജറ്റില്‍ അനുവദിച്ചത്. ഇതിലൂടെ ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകും. എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.