മാസങ്ങൾ യു.എസിൽ ചെലവഴിച്ചതിന് ശേഷം ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ മടങ്ങിപോയി. ജനുവരിയിൽ സുപ്രീം കോടതിയിലും കോൺഗ്രസിലും പ്രസിഡൻഷ്യൽ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ അനുകൂലികൾ ഇരച്ചുകയറിയിരുന്നു. അതിന് ശേഷം ആദ്യമായാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോ ബ്രസീലിലേക്കെത്തുന്നത്.
ഇലക്ഷനിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡ സിൽവയോട് പരാജയപ്പെട്ടതിൽ വഞ്ചന ആരോപിച്ച് വലതുപക്ഷ അംഗങ്ങൾ ആഴ്ചകൾ നീണ്ട പ്രതിഷേധവും പിന്നീട് കലാപം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഫ്ലോറിഡയിലെ ഒരു വിമാനത്താവളത്തിൽ സംസാരിക്കവെ, ലുലയ്‌ക്കെതിരായ എതിർപ്പിനെ നയിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ, പരിചയമുള്ള ഒരു വ്യക്തിയെന്ന നിലയിൽ തന്റെ ലിബറൽ പാർട്ടിയെ സഹായിക്കുമെന്നും അടുത്ത വർഷത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ബ്രസീലിലുടനീളം സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നതായും ബോൾസോനാരോ പറഞ്ഞു.
ഒർലാൻഡോയിലെ ടെർമിനലിൽ എത്തിയ ശേഷം അദ്ദേഹം അനുയായികളോട് സംസാരിക്കുകയും അവരോടൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ലുലയുടെ സ്ഥാനാരോഹണത്തിന് ഒരാഴ്ചയ്ക്ക് ശേഷം പ്രധാന സർക്കാർ കെട്ടിടങ്ങളിൽ അതിക്രമിച്ച് കയറിയ കലാപകാരികളെ അദ്ദേഹം പ്രേരിപ്പിച്ചോ എന്ന അന്വേഷണം ഉൾപ്പെടെയുള്ള നിരവധി നിയമപരമായ വെല്ലുവിളികൾ മുൻ പ്രസിഡൻറ് തിരിച്ചുവരുമ്പോൾ അഭിമുഖീകരിക്കുന്നു. ലൂയിസ് ഇനാസിയോ ലുലഡ സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് ഡിസംബറിൽ അദ്ദേഹം ആറ് മാസത്തെ യു.എസ് ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ച്, ഫ്ലോറിഡയിലേക്ക് പോയി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഇടതു പക്ഷ എതിരാളിയോട് ബോൾസോനാരോ പരാജയപ്പെട്ടതും, വോട്ടിങ്ങ് വഞ്ചന ആരോപിച്ച് പ്രശ്നങ്ങൾ ഉണ്ടായതും.
കലാപ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എന്നാൽ താൻ അതിന് കാരണമായിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബോൾസോനാരോ ഇപ്പോഴും. എന്നിരുന്നാലും, ജനുവരി 8 ന് സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ബ്രസീൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കലാപത്തിൽ 1,200 ലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടയിൽ ബ്രസീലിയൻ സെനറ്റർ മാർക്കോസ് ഡോ വാൽ ബോൾസോനാരോ ഡിസംബറിൽ ഇലക്ഷൻ സംബന്ധമായ കാര്യങ്ങളിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ബോൾസോനാരോയും അനുയായികളും പരാമർശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.