Timely news thodupuzha

logo

വൈദ്യുതി പോസ്റ്റുകളും കേബിളുകളും തകർത്ത് രാത്രി കാലങ്ങളിൽ ചരക്ക് ലോറികളുടെ പാച്ചിൽ

ഇടവെട്ടി: ചെറു വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയായും വൈദ്യുതി പോസ്റ്റുകളും കേബിളുകളും തകർത്തും രാത്രി കാലങ്ങളിൽ തൊടുപുഴ – വെള്ളിയാമറ്റം റോഡിൽ കൂറ്റൻ ചരക്ക് ലോറികളുടെ പാച്ചിൽ. കഴിഞ്ഞ രാത്രി ഇടവെട്ടി ഇ.എം.എസ് ഭവന് സമീപം വളവിലെ വൈദ്യൂതി പോസ്റ്റ്‌ ലോറി ഇടിച്ച് തകർത്തു. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ലോറി വിട്ടുപോയി.

ഇതേ തുടർന്ന് നിലച്ച വൈദ്യുതി ഇന്നലെ വൈകിട്ട് നാല് മണിയോടെ കെ.എസ്.ഇ.ബി ജീവനക്കാർ എത്തി പുതിയ പോസ്റ്റ്‌ സ്ഥാപിച്ചതോടെയാണ് പുനസ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പും ഇതേ പോസ്റ്റ്‌ ലോറി തകർത്തിരുന്നു. വാഹനം തിരിച്ചറിയാത്തതിനാൽ നഷ്ടപരിഹാരം ഈടാക്കാൻ കെ.എസ്.ഇ.ബിയ്ക്ക് കഴിയുന്നില്ല.

കെ ഫോൺ, ബി.എസ്.എൻ.എൽ, കേരള വിഷൻ കേബിളുകൾ ഈ പോസ്റ്റുകളിലൂടെയാണ് കടന്ന് പോകുന്നത്. പോസ്റ്റ്‌ ഒടിഞ്ഞപ്പോൾ ഇവയും തകർന്നതിനാൽ കേബിൾ റ്റി.വി, വാർത്താവിനിമയ സംവിധാനവും താറുമാറായി.

ആലക്കോട് ഭാഗത്തെ ഒരു വൻകിട ഫാക്ടറിയിലേക്ക് സാധനങ്ങളുമായി പോകുന്ന ലോറികളാണ് രാത്രി 12 മണിക്ക് ശേഷം ഇത് വഴി നിയന്ത്രണമില്ലാതെ പായുന്നതെന്നു പ്രദേശവാസികൾ പറയുന്നു. ഇടുക്കി ഭാഗത്തേക്കുള്ള നിയമ വിരുദ്ധ ചരക്ക് കടത്തും ഈ സമയത്താണ്. കഞ്ചാവ് കടത്തടക്കം നടക്കുന്നതായി പരാതിയുണ്ട്.

നിരന്തരം പോസ്റ്റുകളും കേബിളുകളും തകർക്കുന്ന വാഹനങ്ങൾ കണ്ടെത്തണം എന്നാവശ്യപ്പെട്ടു കേബിൾ റ്റി.വി നടത്തിപ്പുകാർ പോലീസിൽ പരാതി നൽകി. വൻ തുക കെ.എസ്.ഇ.ബിയ്ക്ക് വാടക നൽകിയാണ് കേബിൾ റ്റി.വി ഓപ്പറേറ്റർമാർ പോസ്റ്റുകൾ ഉപയോഗിക്കുന്നത്. അനുവദനീയമായതിലും വളരെ കൂടുതൽ അളവിൽ തടി കയറ്റിക്കൊണ്ട് വരുന്ന ലോറികളും കേബിൾ തകർക്കുന്നത് പതിവാണ്. ഇതിനെതിരെ പലവട്ടം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

Leave a Comment

Your email address will not be published. Required fields are marked *