തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ച് യു.ഡി.എഫ്. മുഴുവന്‍ പഞ്ചായത്തുകളിലും നഗരങ്ങളിലും പകല്‍ സമയത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച്, കറുത്ത കൊടി ഉയര്‍ത്തി, പന്തം കൊളുത്തി പ്രതിഷേധിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.
‘ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനയാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം 4,000 കോടി രൂപയാകും. സമസ്ത മേഖലയിലും വില വര്‍ധനക്ക് കാരണമാകുന്ന നികുതിക്കൊള്ളയാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.