ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഏഴ് വിമാനങ്ങൾ റദ്ദാക്കി. 200 ഓളം വിമാനങ്ങൾ വൈകി. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ ഡൽഹിയിലും സമീപ നഗരങ്ങളിലും റോഡ് ഗതാഗതവും കുറഞ്ഞു. നിരവധി ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
ഇതേതുടർന്ന് ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം, വായുഗുണനിലവാരം മോശം അവസ്ഥയിൽ തന്നെ തുടരുന്നു. ദേശീയ തലസ്ഥാനത്ത് ആറ് ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില.
ഇന്ന് രാവിലെ ഒമ്പത് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും മൂടൽമഞ്ഞ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്നും നാളെയും ഡൽഹി – എൻ.സി.ആർ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.