മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയായ വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ ആടിനെ മേയ്ക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
മരണ വിവരം അറിഞ്ഞ് കോളനിവാസികൾ സ്ഥളത്തെത്തിയപ്പോഴേക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര‍്യമുണ്ടായിരുന്നില്ല. വനംവകുപ്പ് ഉദ‍്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
വനമേഖലയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല‍്യം രൂക്ഷമാണ്. രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സരോജിനി. ജനുവരി നാലിനായിരുന്നു കരുളായി പൂച്ചപ്പാറ സ്വദേശി മണി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.