തിരുവനന്തപുരം: തടിയമ്പാട് – ചപ്പാത്ത് പാലം പുനര്‍നിര്‍മിക്കാന്‍ സി.ആർ.ഐ.എഫ് പദ്ധതിയിൽ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 200 മീറ്റര്‍ നീളത്തിലാകും പുതിയ പാലം നിർമിക്കുക. വെള്ളപ്പൊക്കവും ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാകും പുതിയ പാലം പണിയുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ആണ് ഇത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലായി 7 പദ്ധതികളാണ് സംസ്ഥാന സർക്കാർ നൽകിയത്. ഇതിൽ ഒന്നായിരുന്നു തടിയംപാട് ചപ്പാത്ത് പാലം എന്ന് മന്ത്രി പറഞ്ഞു. തന്റെ അപേക്ഷ പരിഗണിക്കുകയും പാലത്തിന്റെ പ്രാധാന്യം മനസിലാക്കി ജനങ്ങളുടെ ആവശ്യത്തിന് ഒപ്പം നില്‍ക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഇടപെടലാണ് പാലത്തിന്റെ നവീകരണത്തിന് സഹായകമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
2022 ലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചിരുന്നു. ഇടുക്കി ജല സംഭരണി തുറക്കുമ്പോള്‍ ഉണ്ടാകുന്ന കുത്തൊഴുക്കും പാലത്തിനെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. നാലു ദിവസം പെരിയാറിലെ കുത്തൊഴുക്കില്‍ മുങ്ങി കിടന്ന തടിയമ്പാട് ചപ്പാത്ത് ഭാഗികമായി തകര്‍ന്നിരുന്നു. ചപ്പാത്തിന്റെ മധ്യ ഭാഗത്തു നിന്നും മരിയാപുരം ഗ്രാമപ്പഞ്ചായത്തിന്റെ കരയിലേക്കുള്ള ഭാഗത്താണ് തകര്‍ച്ച കണ്ടെത്തിയത്. ചപ്പാത്തിന്റെ കൈ വരികളും കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു.