ന്യൂഡൽഹി: ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അംഗത്വം സ്വീകരിച്ച് അനിൽ ആന്‍റണി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു. ബി.ബി.സി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. അനില്‍ ആന്‍റണി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ബി.ബി.സിയുടെ നടപടിയെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബി.ബി.സിയെന്നും, ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു.കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നുമായിരുന്നു അനില്‍ ആന്‍റണി ട്വീറ്ററിലൂടെ കുറിച്ചത്. കേന്ദ്ര സർക്കാരിനെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.