കൊച്ചി: കെ.ബാബുവിന്റെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതിവിധിയെ തുടർന്ന് ഹർജിക്കാരനായ എം.സ്വരാജ് സുപ്രീംകോടതിയിൽ കവയിറ്റ് ഹർജി ഫയൽ ചെയ്തു. കെ.ബാബു ഹൈക്കോടതിവിധി ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ വാദംകൂടി കേൾക്കണമെന്നാണ് ഹർജിയുടെ ഉള്ളടക്കം. ഹൈക്കോടതി കെ ബാബുവിന്റെ തടസ്സവാദ ഹർജിയിൽ വിധി പറഞ്ഞത് മാർച്ച് ഇരുപത്തൊമ്പതിനാണ്.
തെരഞ്ഞെടുപ്പു പ്രചാരണത്തിന് കെ.ബാബു മതചിഹ്നം ഉപയോഗിച്ചെന്ന ഹർജി നിലനിൽക്കുമെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടത് ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു. കോടതി കെ.ബാബു അടക്കം എതിർകക്ഷികൾക്ക് എതിർപ്പ് അറിയിക്കാൻ മൂന്നാഴ്‌ച സമയം നൽകി. മെയ് 24ന് ഹർജി വീണ്ടും പരിഗണിക്കും.