ഇടുക്കി: അരിക്കൊമ്പനുള്ള ജി.പി.എസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയിലാണ് വനംവകുപ്പ്. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടികൂടി മാറ്റാൻ കഴിയാതെ വന്നാൽ ഘടിപ്പിക്കാനുളള ജി.എം കോളർ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. ഇത് പ്രവർത്തിക്കുന്നത് മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നലിൻറെ സഹായത്തോടെയാണ്.
അതേസമയം കോടതി, അിരക്കൊമ്പനെ തുറന്നു വിടാൻ നിർദ്ദേശിച്ചിരിക്കുന്ന പറമ്പിക്കുളത്തെ ഒരുകൊമ്പൻ റേഞ്ചിലെ മുതുവരച്ചാൽ പ്രദേശത്ത് പലഭാഗത്തും മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ ജി.എസ്.എം കോളർ മതിയാകില്ല. അതിനാലാണ് ജി.പി.എസ് കോളർ ഘടിപ്പിക്കുന്നത്. ആദ്യം വനംവകുപ്പ് തുടങ്ങിയത് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻ്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ്.
അവധി ദിവസങ്ങളായതിനാൽ അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്നും ഇതോടൊപ്പം എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്. വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത് അടുത്ത ആഴ്ച തന്നെ ദൗത്യം പൂർത്തിയാക്കണമെന്നാണ്.
ഇപ്പോഴുളള സ്ഥലത്ത് നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും. കോടതി കൃത്യമായി തന്നെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ജി.പി.എസ് കോളർ കിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും. ഇപ്പോഴും വനയാട്ടിൽ നിന്നുള്ള ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരുകയാണ്.