തൃശ്ശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകില്ലെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സർക്കാർ കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. സർക്കാരിന് ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് യോജിപ്പില്ല. ജനകീയ സമരം കൊണ്ട് കോടതി വിധിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. നെന്മാറ എം.എൽ.എ കെ.ബാബു അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പറമ്പിക്കുളത്ത് താമസിക്കുന്ന ഊരുമൂപ്പൻമാരും ഹർജി നൽകും. പറമ്പിക്കുളത്തും മുതലമടയിലും പ്രതിഷേധ സമരങ്ങൾ തുടരുകയാണ്.
എന്നാൽ ആനയെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം ഇനിയും വൈകുമെന്നാണ് വിവരം. നടപടികൾ വൈകാൻ കാരണം ആനയ്ക്ക് ഘടിപ്പിക്കേണ്ട ജി.പി.എസ് കോളർ എത്താത്തതാണ്. ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. സംസ്ഥാന വനം വകുപ്പിന്റെ ശ്രമം അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസം വനം വകുപ്പിൻറെയും കൈവശമുള്ള ജി.പി.എസ് കോളർ എത്തിക്കാനാണ്. അസം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി, കോളർ കൈമാറാനായി ലഭിച്ചിട്ടില്ല.