തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് ഡി.ജി.പിക്ക് പരാതി നൽകി. കെ.പി.സി.സി പ്രസിഡന്‍റിന് എതിരായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത് കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി കക്കറയെന്ന ഉദ്യോഗസ്ഥനാണ്.
രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തിൽ തന്‍റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്‍റെന്നും സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ സർവീസ് ചട്ടമെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നുണ്ടായത് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണെന്നും അതിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.