ന്യൂഡൽഹി: ക്രിസ്ത്യൻ ജനതയ്ക്ക് ബി.ജെ.പിയുടെ പൊയ്മുഖം മനസ്സിലാക്കാൻ കഴിയണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.
‘ബി.ജെ.പിയുടെ ഭവന സന്ദർശനം കാപട്യമാണ്. പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണം ഓർക്കേണ്ടതുണ്ട്. തങ്ങളും ബഹിഷ്കൃതരാകുമെന്ന് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. കർദിനാളിന്റെ മോദി അനുകൂല പ്രതികരണണം ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പ്രസ്താവനയാണ്. ഇത് എല്ലാവരും അവസാനിപ്പിക്കണം. മതനിരപേക്ഷതയുടെ പാരമ്പര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളരുത്. ക്രിസ്ത്യൻ വിഭാഗങ്ങൾ നാട്ടിൽ നടക്കുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവേണം തീരുമാനമെടുക്കാൻ. ഇന്ന് മുസ്ലിം ജനതയ്ക്ക് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ദൂരക്കാഴ്ച വേണമെന്നും’ മന്ത്രി വ്യക്തമാക്കി.