തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്ത് കെട്ടിട നിർമ്മാണ നികുതി വർധന നിലവിൽ വരും. അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ ഉയർച്ച ഉണ്ടാകും. പെർമിറ്റ് ഫീസ് 80 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് കൂട്ടിയിട്ടില്ല. 80 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് കെട്ടിട നിർമ്മാണ അപേക്ഷ ഫീസ് 30 രൂപയിൽ നിന്ന് 300 രൂപയാക്കും.
സ്ലാബ് അടിസ്ഥാനത്തിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ 1000 മുതൽ 5000 രൂപ വരെയാകും. പെർമിറ്റ് ഫീസ് , പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയാകും. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയാകും. നഗര മേഖലയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 750 രൂപയിൽ നിന്ന് 15,000 രൂപയാകും. നഗരമേഖലയിൽ 250 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയാകും വർധന.
എന്നാൽ, കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംസ്ഥാനത്ത് സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു. പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണ്. അപേക്ഷിച്ച ദിവസം തന്നെ, മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 300 ചതുരശ്ര മീറ്റര്‍വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന മാറ്റം വ്യാജപ്രചരണം നടത്തുന്നവര്‍ കണ്ടിട്ടില്ലെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.