തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ കരുക്കൾ ഓരോന്നായി പടനീക്കി ബിജെപി. ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ച പോലെ പെരുന്നാൾ ദിനത്തിൽ മുസ്‌ലീം വീടുകൾ സന്ദർശിക്കണമെന്ന് ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകി പ്രകാശ് ജാവഡേക്കർ. മാത്രമല്ല വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു. കത്തീഡ്രലിൽ നടന്ന പ്രാർഥനയിൽ പങ്കാളിയായ പ്രധാനമന്ത്രി എല്ലാവർക്കും ഈസ്റ്റർ ആശംസയും നേർന്നിരുന്നു. ബിജെപി നേതാക്കൾ ഈസ്റ്റർ ആശംസകളുമായി സംസ്ഥാനത്തെ ക്രൈസ്തവ സഭാ അധ്യക്ഷൻമാരെ സന്ദർശിച്ചിരുന്നു. 8 ലക്ഷം ഈസ്റ്റർ ആശംസ കാർഡുകളാണ് കേരളത്തിനായി നൽകിയിരുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് ഇതിനു സമാനമായ പ്രവർത്തനങ്ങൾക്കാണ് ലക്ഷ്യമിടുന്നത്.