തിരുവനന്തപുരം: ലോകായുക്തയുടെ ഉത്തരവിനെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കേസിന്‍റെ പ്രാരംഭഘട്ടം മുതലേ മുഖ്യമന്ത്രിയെ രക്ഷിക്കാനായി ലോകായുക്ത കാട്ടിയ അട്ടിമറികൾ പ്രകടമാണ്. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍റെ കൈകൾക്കൊണ്ട് ചെയ്തു എന്നതിൽ പാർട്ടിക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
റിവ്യൂ ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ്, ഉണ്ട വിരുന്നിനു നന്ദി കാട്ടിയതാണെന്നും സുധാകരൻ പറഞ്ഞു. മന്ത്രിസഭാ തീരുമാനം എന്ന മുടന്തൻ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകിയ അഴിമതിയിൽ നിന്ന് ഇവർക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതുകൊണ്ടാണ് 2019 ൽ ലോകായുക്ത കേസെടുത്തത്. ഈ തീരുമാനത്തിനെതിരെ അന്ന് ആരും അപ്പീൽ നൽകിയിരുന്നില്ല. പിന്നീട് മൂന്ന് വർഷംകൊണ്ട് വിചാരണ പൂർത്തിയാക്കിയെങ്കിലും വിധി പറയാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലു മൂലമാണ് കേസ് വീണ്ടും പരിഗണിക്കാനിടയായത്.