കൊച്ചി: കത്തോലിക്കാ സഭാസേവനത്തിന്റെയും ശുശ്രൂഷകളുടെയും മഹനീയവും മഹത്തരവുമായ അല്മായ മാതൃകയാണ് അഡ്വ.ജോസ് വിതയത്തിലെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍.
എന്നും സഭയോടൊപ്പം ചേര്‍ന്നുനിന്ന് പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുകയും മികച്ച സംഘടനാ പാടവത്തിലൂടെയും നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെയും അനേകായിരങ്ങള്‍ക്ക് നന്മകള്‍ വര്‍ഷിക്കുകയും ചെയ്ത വിതയത്തിലിന്റെ സ്മരണ എക്കാലവും നിലനില്‍ക്കുമെന്നും മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
സംസ്ഥാന ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃകായോഗ്യനായ അല്മായ പ്രേഷിതനായിരുന്നു അഡ്വ.ജോസ് വിതയത്തിലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിച്ചു.സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി.
മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ വി.വി.അഗസ്റ്റിന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം.പി.ജോസഫ് ഐഎഎസ്, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി, സീറോ മലബാര്‍ സഭ പ്രോലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ് എന്നിവര്‍ സംസാരിച്ചു.