Timely news thodupuzha

logo

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു

വാഴത്തോപ്പ്: അടുത്ത നിയമസഭ സമ്മേളനത്തിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന-വിപണനമേള വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇടുക്കി ജില്ല 80 ലധികം ഭൂപ്രശ്‌നങ്ങളുടെ കുരുക്കിലായിരുന്നു. ഇതിൽ മൂന്ന് പ്രശ്‌നങ്ങൾ ഒഴിച്ച് മറ്റു പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചു. ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണും. ജൂൺ, ജൂലൈ മാസങ്ങളിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടയ വിഷയത്തിൽ രേഖകൾ പരിശോധിച്ചു വരുകയാണ്. വിവിധ വകുപ്പുകളുമായുള്ള തർക്കങ്ങൾ പരിഹരിച്ച് അർഹരായവർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. അതിദാരിദ്രനിർമാർജന പദ്ധതി ഈ സർക്കാരിന്റെ കരുണാർദ്രമായ മുഖമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ഈ പ്രദർശന വിപണന മേള. ഓരോ വർഷവും ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനം വിലയിരുത്താൻ അവസരം ലഭിക്കുകയാണ് ഇതുവഴി. പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അക്കാദമിക് നിലവാരം ഉയർത്താൻ സർക്കാരിന് കഴിഞ്ഞു. സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ ബഹുനില മന്ദിരങ്ങളായി. അതുവഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തി. ആരോഗ്യ മേഖലയിലും വലിയ തോതിലുള്ള മാറ്റമാണ് സംഭവിച്ചത്. ഇടുക്കിയുടെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ നേട്ടമാണ് ഇടുക്കി മെഡിക്കൽ കോളേജ്. വരും വർഷങ്ങളിൽ മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ കൂടുതൽ ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ റോഡുകളുടെ നിലവാരം ഉയർന്നു. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളുടെ ഗണത്തിലേക്ക് ഇടുക്കിയിലെ റോഡുകൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വ്യാവസായിക മാറ്റത്തിനാണ് സംസ്ഥാനം ഇക്കാലയളവിനിടെ സാക്ഷ്യം വഹിച്ചത്. കേന്ദ്രം നിർത്തലാക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ 23 പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന പുതിയ സംരംഭങ്ങൾ രൂപപ്പെടുത്താനായെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എംഎൽഎ എക്‌സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് സ്വാഗതം ആശംസിച്ചു.

ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, തൊടുപുഴ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി സത്യൻ, രാരിച്ചൻ നീർണാകുന്നേൽ, അഡ്വ. ഭവ്യ കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ ആർ പ്രമോദ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കളക്ടർ അരുൺ എസ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ വിനോദ് ജി എസ്, വിവിധ രാഷ്ട്രീയ-സാമൂഹിക പാർട്ടി നേതാക്കളായ കെ സലിം കുമാർ, കെ ഐ ആന്റണി, അനിൽ കൂവപ്ലാക്കൽ, റോമിയോ സെബാസ്റ്റ്യൻ, സി എം അസീസ്, പി കെ ജയൻ, സിബി മൂലേപ്പറമ്പിൽ, എം എം സുലൈമാൻ, ഷാജി കാഞ്ഞമല, സാജൻ കുന്നേൽ, ജോസ് കുഴികണ്ടം, സംഘാടകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *