Timely news thodupuzha

logo

‘എന്റെ കേരളം’പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി പതിനായിരങ്ങള്‍ അണിനിരന്നു

ഇടുക്കി: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 9 ന് ചെറുതോണി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര മേള നഗരിയില്‍ എത്തിയതോടെ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള ഉദ്ഘാടനം ചെയ്തു.

ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയില്‍ പതിനായിരക്കണക്കിന് പേര്‍ അണിനിരന്നു. ചെണ്ടമേളം, ബാന്‍ഡ്‌മേളം, നാസിക് ഡോള്‍ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടി ഘോഷയാത്രക്ക് താളമേകി. വനിതകളുടെ തായമ്പകയും വിളംബര ഘോഷയാത്രക്ക് മേളക്കൊഴുപ്പേകി. മയൂരനൃത്തം, ഗോത്രനൃത്തം, കോല്‍ക്കളി, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങള്‍ വിളംബര ഘോഷയാത്രക്ക് മാറ്റുകൂട്ടി.

ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വര്‍ണക്കുടകളുമായി അണിനിരന്ന വനിതകള്‍ വിളംബര ഘോഷയാത്രയെ വര്‍ണാഭമാക്കി. ശുചിത്വ കേരളം, സുന്ദര കേരളം എന്ന ആശയം പങ്കുവച്ച് ഹരിത വസ്ത്രങ്ങള്‍ അണിഞ്ഞ് ഹരിത കര്‍മ്മ സേനാംഗങ്ങളും വിളംബര ജാഥയില്‍ അണിചേര്‍ന്നു. വൈദ്യുത സംരക്ഷണ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി കെ.എസ്.ഇ.ബി യും സുരക്ഷിത യാത്ര ബോധവത്കരണത്തിന് പ്രാധാന്യം നല്‍കി മോട്ടോര്‍ വാഹന വകുപ്പും ഘോഷയാത്രയില്‍ അണിനിരന്നു.

നിയമലംഘനങ്ങള്‍ക്ക് മേല്‍ ക്യാമറ കണ്ണിന്റെ പിടിവീഴും എന്ന ആശയം പങ്കുവെച്ച് ഹെല്‍മറ്റ് വെക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് യുവാക്കള്‍ എഐ ക്യാമറയ്ക്ക് മുന്നില്‍ പെടുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പ്ലോട്ട് ശ്രദ്ധേയമായി. കുടുംബശ്രീ മിഷന്‍, ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഭൂരേഖ-സര്‍വേ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, സഹകരണ വകുപ്പ്, പട്ടിക വര്‍ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും വിളംബര ഘോഷയാത്രയില്‍ അണിചേര്‍ന്നു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി.എസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. സലിം കുമാര്‍, റോമിയോ സെബാസ്റ്റ്യന്‍, കെ.ഐ ആന്റണി, സിബി മൂലേപ്പറമ്പില്‍, ഷാജി കാഞ്ഞമല, പി.ബി സബീഷ്, ഷിജോ തടത്തില്‍, സജി തടത്തില്‍ തുടങ്ങിയവര്‍ വിളംബര ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *