Timely news thodupuzha

logo

അരിക്കൊമ്പനെന്ന കാട്ടാനയെ മയക്ക് വെടിവെച്ച് കീഴ്ടുപ്പെടുത്തി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ചു

തൊടുപുഴ: മണിക്കൂറുകള്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ ചിന്നക്കനാലിനെയും പരിസരങ്ങളേയും വിറപ്പിച്ച അരിക്കൊമ്പനെന്ന കാട്ടാനയെ മയക്ക് വെടിവെച്ച് കീഴ്ടുപ്പെടുത്തി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ചു. രണ്ട് ദിവസങ്ങളിലായി 42 മണിക്കൂകൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ്ണ വിജയത്തിലെത്തിക്കാനായത്. 28ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. ചിന്നക്കനാല്‍, സിങ്കുകണ്ടം, സിമന്റുപാലം തുടങ്ങി അരിക്കൊമ്പനെത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം അരിച്ച് പെറുക്കിയിട്ടും ആദ്യ ദിനം ദൗത്യ സംഘം മടങ്ങും വരെ അരിക്കൊമ്പനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് അഞ്ച് മണിയോടെ ശങ്കപാണ്ഡ്യന്‍മെട്ടില്‍ അരിക്കൊമ്പനെ കണ്ടെത്തി. ഇതോടെ ദൗത്യ സംഘം ആനയെ നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ രണ്ടാം ദിവസത്തെ ദൗത്യം ആരംഭിച്ചു. ഏതാനും സമയം നീണ്ട നിരീക്ഷണത്തിനൊടുവില്‍ 10 മണിയോടെ അരിക്കൊമ്പനെ സിങ്കുകണ്ടത്തിന് സമീപം മൊട്ടക്കുന്നിന് മുകളില്‍ കണ്ടെത്തി. ഇതോടെ അരിക്കൊമ്പന്‍ നില്‍ക്കുന്ന പ്രദേശം വളഞ്ഞ ദൗത്യ സംഘം അരിക്കൊമ്പനെ ഏത് വിധേനയും കുന്നിന് താഴെ സമിന്റ് പാലത്തിന് സമീപത്ത് ദൗത്യം നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി പടക്കം പൊട്ടിച്ച് ആനയുടെ മറ്റിടങ്ങളിലേക്കുള്ള നീക്കം തടസപ്പെടുത്തി. എന്നാല്‍ അപ്രതീക്ഷിതമായി ചക്കക്കൊമ്പനെന്ന കാട്ട് കൊമ്പനും മറ്റൊരു പിടിയാനയും അരിക്കൊമ്പന് സമീപത്തേക്കെത്തി. അര മണിക്കൂറോളം സമയത്തിന് ശേഷമാണ് മറ്റ് രണ്ട് ആനകളും അരിക്കൊമ്പന് സമീപത്ത് നിന്ന് മാറിയത്. ഇതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൗത്യ സംഘം പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ കുന്നിന്റെ താഴേക്ക് ഇറക്കാന്‍ തുടങ്ങി. 11.30 യോടെ ദൗത്യ സംഘത്തിന് അനുയോജ്യമായ സ്ഥലത്ത് അരിക്കൊമ്പനെ എത്തിക്കാനായി. അല്‍പ്പ സമയം കൂടി കാത്ത് നിന്ന ശേഷം മറ്റെല്ലാ സജ്ജീകരണങ്ങളും ഉറപ്പ് വരുത്തി 11.55ന് ആദ്യ റൗണ്ട് മയക്ക് വെടി വെച്ചു. എന്നാല്‍ പര്‍ണ്ണമായും മയക്കത്തിലാവാതിരുന്ന കൊമ്പന് നേരെ 12.43ന് രണ്ടാം റൗണ്ട് മയക്ക് വെടിയുംവെച്ചു. ആന പ്രദേശത്ത് നിന്ന് മറ്റിടങ്ങളിലേക്ക് പോകാതിരിക്കാന്‍ ദൗത്യ സംഘം ചുറ്റും നിലയുറപ്പിച്ചു. രണ്ട് മയക്ക് വെടിയേറ്റിട്ടും മയങ്ങാതിരുന്ന അരിക്കൊമ്പന് നേരെ ഉച്ചക്ക് രണ്ടിന് ശേഷം മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ബൂസ്റ്റര്‍ ഡോസുകള്‍ കൂടി പ്രയോഗിച്ചു. ഈ സമയം തന്നെ സിമൻ്റ് പാലത്ത് മുന്‍ കൂട്ടി തയ്യാറാക്കി നിര്‍ത്തിയിരുന്ന നാല് കുങ്കിയാനകളെ അരിക്കൊമ്പന് സമീപത്തേക്കെത്തിച്ചു. തുടര്‍ന്ന് നാല് കാലിലും വടം കെട്ടാനുള്ള ശ്രമം തുടങ്ങി. മുന്‍ കാലില്‍ വടം കെട്ടാനുള്ള ശ്രമം ആന കുടഞ്ഞെറിഞ്ഞു. തുടര്‍ന്ന് ഏറെ ശ്രമകരമായാണ് നാല് കാലിലും വടം കെട്ടിയത്. ആനയുടെ മുഖത്ത് കറുത്ത തുണി കെട്ടി കാഴ്ച്ച മറയ്ക്കാനുള്ള ശ്രമം തുമ്പിക്കൈ ഉപയോഗിച്ച് തട്ടി നീക്കി. ഇതേ സമയം തന്നെ മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന് ആനയെ മയക്ക് വെടി വച്ച് നിര്‍ത്തിയിടത്തേക്ക് വഴി വെട്ടി. ഉടന്‍ തന്നെ അനിമല്‍ ആംബുലന്‍സും ഇവിടേക്കെത്തിച്ചു. തുടര്‍ന്ന് അഞ്ച് മണിയോടെ ആനയെ കുങ്കിയാനകളുടെ സഹോയത്തോടെ ലോറിയിലേക്ക് കയറ്റാന്‍ തുടങ്ങി. വിവിധ ഘട്ടങ്ങളിലായി കുങ്കിയാനകളെ തട്ടി നീക്കിയ അരിക്കൊമ്പന്‍ ലോറിയിലേക്ക് കയറാന്‍ കൂട്ടാക്കിയില്ല. ഇതിനിടെ കനത്ത മഴയും മൂടല്‍ മഞ്ഞുമെത്തിയതോടെ ദൗത്യ സംഘം ആശങ്കയിലായി. ഇതോടെ ഏത് വിധേനയും അരിക്കൊമ്പനെ വാഹനത്തില്‍ കയറ്റുക എന്ന ലക്ഷ്യത്തില്‍ ആറാമത് തവണയും ബൂസ്റ്റര്‍ ഡോസ് പ്രയോഗിച്ചു. ഇതിന് ശേഷം കുങ്കിയാനകളുടെ ഊര്‍ജ്ജിത ശ്രമത്തില്‍ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. തുടര്‍ന്ന് ക്രമേണ പുതുതായി വെട്ടിയ വഴിയില്‍ കൂടി അരിക്കൊമ്പനെ കയറ്റിയ ലോറി ടാറിങ് റോഡിലേക്കെത്തിച്ചു. അവിടെ വച്ച് മണ്ണ് മാന്തി യന്ത്രത്തിന്റെ കൈയ്യില്‍ കയറി നിന്ന് ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു. തുടര്‍ന്ന് ആറേകാലോടെ ആനയേയും വഹിച്ചുകൊണ്ടുള്ള ലോറി ചിന്നക്കലാലില്‍ നിന്ന് പുറപ്പെട്ടു. നിരവധി വാഹനങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും വിവിധ വകുപ്പധികൃതരും അനുഗമിച്ചു. വാഹനം കടന്ന് പോകുന്ന റോഡിന് ഇരുവശവും അതത് പ്രദേശത്തെ പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അരിക്കൊമ്പനെ എത്തിക്കുന്നതിന് മുന്നോടിയായി കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. രാത്രി 10 മണിയോടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ സീനിയറോട എന്ന സ്ഥലത്തെത്തിച്ച് അരിക്കൊമ്പനെ തുറന്ന് വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *