Timely news thodupuzha

logo

മോദി സർക്കാർ ഇത്‌ വലിയ പ്രചാരണ വിഷയമാക്കുമ്പോൾ ഒരുകാര്യം മറച്ചുവയ്‌ക്കുന്നു, കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുമുതൽമുടക്കുന്നത് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം; സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം

ന്യൂഡൽഹി: മോദി ഭരണത്തിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമായതായും തൊഴിലില്ലായ്‌മ രൂക്ഷമായതായും സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം വിലയിരുത്തി. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുമുതൽമുടക്കുന്നത് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ഇത്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വാങ്ങൽശേഷികൂട്ടി സമ്പദ്‌വ്യവസ്ഥയെ ചലനാത്‌മകമാക്കുകയും ചെയ്യും. ലോകത്തിലെ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഐഎംഎഫ്‌ കണക്കിൽ ഏറ്റവും വേഗത്തിലാണ്‌ ഇന്ത്യയുടെ ജിഡിപി വളർച്ച. മോദി സർക്കാർ ഇത്‌ വലിയ പ്രചാരണ വിഷയമാക്കുമ്പോൾ ഒരുകാര്യം മറച്ചുവയ്‌ക്കുന്നു.

2021 സാമ്പത്തികവർഷത്തെ 9.1 ശതമാനം വളർച്ച തൊട്ടു മുൻവർഷത്തെ 5.8 ശതമാനം വളർച്ചയെ അടിസ്ഥാനമാക്കിയാണ്‌. 2019 മുതലുള്ള ആകെ ജിഡിപി വളർച്ച കണക്കാക്കിയാൽ 3.8 ശതമാനം മാത്രമാണ്‌ വാർഷിക വളർച്ച. 2023 സാമ്പത്തികവർഷത്തിൽ മുൻവർഷത്തേക്കാൾ 35000 കോടി ഡോളർ മാത്രമാണ്‌ ഇന്ത്യക്ക്‌ സമ്പദ്‌വ്യവസ്ഥയിൽ കൂട്ടിച്ചേർക്കാനായത്‌.

അമേരിക്ക 139000 കോടി ഡോളറും ചൈന 127400 കോടി ഡോളറും അവരുടെ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ ചേർത്തു. വലിയ സമ്പദ്‌വ്യവസ്ഥകളെ പരിഗണിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനം ഇന്ത്യയിലാണ്‌. അമേരിക്കയുടെ ആളോഹരി വരുമാനം ഇന്ത്യയുടേതിനേക്കാൾ 31 ഇരട്ടിയാണ്‌. ചൈനയുടേത്‌ അഞ്ചിരട്ടിയും ബ്രസീലിന്റേത്‌ നാലിരട്ടിയും ബ്രിട്ടന്റേത്‌ 18 ഇരട്ടിയും ജർമനിയുടേത്‌ 20 ഇരട്ടിയുമാണ്‌.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിട്ടും നമ്മുടെ ആളോഹരി വരുമാനം അംഗോള, ഐവറികോസ്‌റ്റ്‌ തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാൾ കുറവാണ്‌.എട്ട്‌ പ്രധാന പശ്ചാത്തലസൗകര്യമേഖലകളുടെ വളർച്ച ഫെബ്രുവരിയിലെ 7.6 ശതമാനത്തിൽ നിന്നും മാർച്ചിൽ 3.6 ശതമാനമായി കുറഞ്ഞു.തൊഴിലില്ലായ്‌മ നിരക്ക്‌ എട്ടു ശതമാനമെന്ന റെക്കോഡ്‌ തോതിലാണ്‌. കോവിഡിനുമുമ്പ്‌ 2020 ജനുവരിയിൽ തൊഴിലില്ലാത്തവരുടെ എണ്ണം 41.1 കോടി ആയിരുന്നത്‌ 2023 ജനുവരിയിൽ 40.9 കോടിയിൽ നിൽക്കുകയാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയുടെ ബജറ്റ്‌ വിഹിതം കേന്ദ്രം മൂന്നിലൊന്നായി കുറയ്‌ക്കുകയും ചെയ്‌തു–- കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *