മാനന്തവാടി: വിവാഹ വാഗ്‌ദാനം ചെയ്‌ത് ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവ് കസ്‌റ്റഡിയിൽ. പനവല്ലി സ്വദേശി അജീഷിനെയാണ് (31) തിരുനെല്ലി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. മൂപ്പതുകാരിയെ കഴിഞ്ഞ നാലിന് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്തെന്നാണ് പരാതി.വ്യാഴം രാത്രിയാണ് യുവതിയെ അജീഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രക്തസ്രാവത്തെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെ യുവതിയെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കാരുടെ സഹായത്തോടെ അജീഷ് തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതും കൂട്ടിരുന്നതും. തിങ്കളാഴ്‌ച ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌ത ശേഷമാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. തുടർന്നാണ് പൊലീസ് കേസെടുത്തത്. എന്നാൽ വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച പൊലീസ് ആശുപത്രിയിലെത്തുകയും യുവതിയിൽനിന്ന് വിവരങ്ങൾ ആരായുകയും ചെയ്‌തു. പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് മടങ്ങി.
തിങ്കളാഴ്‌ചയാണ് പൊലീസിനെ സമീപിച്ചത്. ബന്ധുക്കൾ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലുമാണ് നേരത്തെ പരാതി നൽകാൻ കഴിയാതിരുന്നതെന്നാണ് പൊലീസിനുകൊടുത്ത മൊഴി.പട്ടികജാതി പട്ടികവർഗ അതിക്രമ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് അജീഷിനെതിരെ കേസെടുത്തിട്ടുള്ളത്. മാനന്തവാടി ഡിവൈഎസ്‌പി പി എൽ ഷൈജുവാണ് കേസന്വേഷിക്കുന്നത്.