തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പിയെ തോൽപ്പിക്കാനായത് നിർണായകമായ കാൽവെപ്പാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബി.ജെ.പിയാണ് ഏറ്റവും വലിയ അപകടം. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകൾഏകീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായിട്ടുള്ള മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. അതിനായി പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനം ഉണ്ടാകണം.
ബി.ജെ.പിക്കെതിരെ യോജിപ്പിക്കേണ്ടവരെ എല്ലാം അണിനിരത്തണം. അതിനായി കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും പൂർണ്ണമായും മാലിന്യമുക്തമായാൽ സംസ്ഥാനം മാലിന്യമുക്തമാകും. ഖരമാലിന്യ സംസ്കരണമാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നം. ഉറവിട സംസ്‌കരണമാണ് ഫലപ്രദം.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിൽ ഏറെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അത് കേന്ദ്രീകൃതമാകുമ്പോഴാണ് പ്രശ്നം. വിളപ്പിൽശാല പ്ലാന്റ് പരാജയപ്പെടാൻ കാരണം ഫലപ്രദമായ ആസൂത്രണം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.