മെൽബൺ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത‍്യ. 110.2 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസെന്ന നിലയിലാണ് ഇന്ത‍്യ. അർധസെഞ്ച്വറി തികച്ച നിതീഷ് കുമാർ റെഡ്ഡിയുടെയും(95) വാഷിങ്ടൺ സുന്ദറിന്‍റെയും(50) മികച്ച പ്രകടനമായിരുന്നു ഇന്ത‍്യയെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചത്. മൂന്നാം ദിവസം കളി ആരംഭിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലായിരുന്നു ഇന്ത‍്യ.
28 റൺസെടുത്ത് ഋഷഭ് പന്തും 17 റൺസെടുത്ത് രവീന്ദ്ര ജഡേജയും പുറത്തായി. ഇതോടെ 221-7 എന്ന നിലയിൽ പ്രതിരോധത്തിലായ ടീമിനെ റെഡ്ഡിയും സുന്ദറും ചേർന്ന് മുന്നൂറ് കടത്തി. ഓസ്ട്രേലിയക്ക് വേണ്ടി സ്കോട്ട് ബോലാൻഡ് 3 വിക്കറ്റും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും വീഴ്ത്തി. നാലാം ടെസ്റ്റിൽ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത‍്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലായിരുന്നു.
അർധസെഞ്ച്വറിയുടെ മികവിലൂടെ പ്രതീക്ഷ നൽകിയ ജയസ്വാൾ 82ൽ നിൽക്കെ റണ്ണൗട്ടായി. ഇതോടെ പ്രതീക്ഷ നിലച്ചു. ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിറങ്ങിയ ക‍്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഫോം കണ്ടെത്താനായില്ല. അഞ്ച് പന്തുകൾ നേരിട്ട രോഹിത് ശർമ മൂന്ന് റൺസെടുത്ത് മടങ്ങി.
പിന്നീട് വന്ന കെ.എൽ രാഹുൽ കുറച്ചുനേരം പിടിച്ച് നിന്നെങ്കിലും 24 റൺസെടുത്ത് രാഹുലും മടങ്ങി. ജയസ്വാളിന്‍റെ റണ്ണൗട്ട് ആയതിന് പുറമേ 36 റൺസെടുത്ത് കോലിയും പുറത്തായി. കോലിക്ക് പുറമേ നൈറ്റ് വാച്ച്മാൻ ആകാശ് ദീപും പുറത്തായി.