തൊടുപുഴ: ജില്ലയിൽ വർദ്ധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി മനുഷ്യ സമൂഹത്തിന് സുരക്ഷിതമായ ജീവിതാവസ്ഥ സൃഷ്ടിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷികം ആവശ്യപ്പെട്ടു.
മുൻ കാലങ്ങളിൽ കുരങ്ങും പന്നിയുമൊക്കെയാണ് ജനവാസ മേഖലയിൽ കടന്നുവന്നിരുന്നുവെങ്കിൽ ഇന്ന് ആനയും പുലിയും കടുവയും ജനവാസ മേഖലയിലേക്ക് യഥേഷ്ടം വന്ന് കൃഷിനാശവും മനുഷ്യ ജീവന് ഭീഷണിയുമായി കൊണ്ടിരിക്കുന്നു.
ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കണം. അടിമാലി ഗവ.ഹൈസ്ക്കൂൾ ഹാളിൽ നടന്ന ജില്ലാ വാർഷിക സമ്മേളനംകില ഡയറക്ടർ ഡോ: ജോയ് ഇളമൺ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംഘടനാ രേഖയും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.വി.ഷാജിയും ട്രഷറർ റ്റി.എൻ മണിലാൽ വരവ് -ചെലവ് കണക്കും ഭാവി പ്രവർത്തന പരിപാടി എൻ.ഡി.തങ്കച്ചനും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് സംസ്ഥാന കമ്മറ്റിയംഗം പി.എ.തങ്കച്ചൻ നേതൃത്വം നൽകി.
വി.വി.ഷാജി (ജില്ലാ പ്രസിഡണ്ട്), എൻ.ഡി.തങ്കച്ചൻ (സെക്രട്ടറി), ടി.എൻ.മണിലാൽ(ട്രഷറർ), വൈസ്പ്രസിഡണ്ടുമാരായി ഗിരിജ.ഡി., പി.കെ.സുധാകരൻ, ജോ:സെക്രട്ടറിമാരായി ശശിലേഖ രാഘവൻ, മഞ്ജു ഷേൺ കുമാർ എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു. മൂന്നു മേഖലകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.